ഇടുക്കി: സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പിനെതിരെ ജനരോഷം ഇരമ്പുന്നു. മകനെ സ്കൂളില്‍ വിടാന്‍ പോകുമ്പോഴാണ് മാരിയെന്ന യുവതിയെ കാട്ടാന ആക്രമിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു
ഒരു ആനയാണ് ചത്തതെങ്കില്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയേന. പാവപ്പെട്ട ഒരു വീട്ടമ്മയുടെ ജീവൻ നഷ്ടമായിട്ട് ആരും തിരിഞ്ഞു നോക്കിയില്ല. വന്യമൃഗ ശല്യത്തിനു പരിഹാരം കാണാതെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രദേശത്ത് വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും ആരോപണമുണ്ട്. ഡിഎഫ്ഒയും വനംമന്ത്രിയും സ്ഥലത്തെത്തണം. മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.